മൂന്ന് ദിവസം വിറ്റത് 729 കോടിയുടെ മദ്യം
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം കൊണ്ടു വിറ്റത് 729 കോടിയുടെ മദ്യം. ദീപാവലി ദിവസമായ തിങ്കളാഴ്ച്ച മാത്രം 256 കോടിയുടെ മദ്യം വിറ്റെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല.
നിലവിലെ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും യഥാര്‍ത്ഥ വില്‍പ്പനയോട് അടുത്ത കണക്കാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മദ്യവില്‍പ്പനയുടെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഏതാണ്ട് 260 കോടി രൂപയുടെ മദ്യം ഞായറാഴ്ച്ച വില്‍പ്പന നടന്നിട്ടുണ്ട്. ശനിയാഴ്ച്ച 205 കോടിയുടെ മദ്യവില്‍പ്പനയും നടന്നു. മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് മധുരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത്. 45, 56, 55 കോടി എന്നിങ്ങനെയാണ് കണക്ക്. രണ്ടാം സ്ഥാനത്ത് സേലവും മൂന്നാമത് ചെന്നൈയുമാണ്.