ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി
യുഎസ്സിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് തടവുശിക്ഷ. യു എസ് സംസ്ഥാനമായ മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചെൻ വിറ്റ്മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർക്ക് സംഘാംഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് 2020 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട 13 പേരിൽ ഉൾപ്പെടുന്നവരാണ് ഇവർ മൂന്നുപേരും. വോൾവറിൻ വാച്ച്മെൻ എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കൊവിഡിന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്നാണ് ഇവർ വിറ്റ്മെറിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടത് എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.