കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ; അരവിന്ദ് കേജ്രിവാൾ

 കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ; അരവിന്ദ് കേജ്രിവാൾ

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നുമുള്ള ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറൻസിയെ ഉദാഹരണമാക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രം ഹിന്ദുക്കളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുള്ള കാര്യമാണ് കേജ്രിവാൾ ഉദ്ധരിച്ചത്. എന്നാൽ ശരിക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടോ ? നമുക്ക് പരിശോധിക്കാം…

ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഒന്നാം നൂറ്റാണ്ട് മുതൽ ഹിന്ദുമതത്തിന്റെ സ്വാധീനത്തിലായിരുന്നു. ഇന്ത്യൻ പുരാണങ്ങളായ മഹാഭാരതത്തിനും രാമായണത്തിനും ഇപ്പോഴും അതീവ പ്രാധാന്യം കൽപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതിനാൽ തന്നെ ഹിന്ദു പുരാണ കഥകളും, ഹൈന്ദവ ദൈവങ്ങളും ഇവിടെ സ്വാധീനം ചെലുത്തുന്നു എന്നത് സത്യമാണ്. ഇന്തോനേഷ്യൻ കറൻസി നോട്ടിൽ ഗണപതിയുണ്ടെന്ന വാദവും ശരിയാണ്. ഇന്തോനേഷ്യ റുപായ് എന്നറിയപ്പെടുന്ന കറൻസിയുടെ 20000 രൂപാ നോട്ടുകളിലാണ് ഹൈന്ദവ ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ ലോകത്തെ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായ കി ഹജർ ദേവന്തരയുടെ ചിത്രത്തിന് സമീപമായിട്ട് ഇടതു വശത്താണ് ഗണപതിയുടെ ചെറു ചിത്രം ചേർത്തിരിക്കുന്നത്. നോട്ടിന്റെ പിൻഭാഗത്ത് കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറിയുടെ ചിത്രവുമുണ്ട്.

ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.2 ശതമാനം മുസ്ലീങ്ങളാണ്. എന്നാൽ തങ്ങളുടെ ചരിത്രവും സംസ്‌കാരവും ഇന്നും അവർ പിന്തുടരുന്നു, അതിന്റെ അടയാളങ്ങൾ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് അടയാളങ്ങളും ഇവർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ജക്കാർത്ത സ്‌ക്വയറിലെ അർജുന വിജയ പ്രതിമ മറ്റൊരു ഉദാഹരണമാണ്. ഹിന്ദു ദൈവമായ ഹനുമാനാണ് ഇന്തോനേഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ബാൻഡംഗ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ലോഗോയും ഗണപതിയാണ്.

കേജ്രിവാൾ പറഞ്ഞത്

ഇന്ത്യയുടെ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരുമെന്നാണ് ആം ആദ്മി നേതാവിന്റെ വിചിത്ര കണ്ടുപിടുത്തം. ഈ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ദൈവങ്ങൾ കറൻസി നോട്ടുകളിലാണെങ്കിൽ, രാജ്യം മുഴുവൻ അവരുടെ അനുഗ്രഹം നേടും. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണ്, ഗണേശൻ തടസങ്ങൾ അകറ്റുന്ന ദൈവമാണ്,’ കേജ്രിവാൾ ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്, ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി നിരവധി നടപടികളുണ്ട്. എന്നാൽ ചിലതെല്ലാം ചെയ്താലും ചിലപ്പോൾ നല്ല ഫലം ഉണ്ടാകില്ലെന്നും ദൈവാനുഗ്രഹം വേണമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസുകാർ തങ്ങളുടെ ജോലിസ്ഥലത്ത് രണ്ട് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ സൂക്ഷിക്കുകയും എല്ലാദിവസവും ജോലി ആരംഭിക്കുന്നതിന് മുമ്പ് പൂജ നടത്തുകയും ചെയ്യാറുണ്ടെന്നും, അതുപോലെ ദൈവങ്ങളുടെ ഫോട്ടോകൾ കറൻസി നോട്ടുകളിൽ പതിപ്പിച്ചാൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്ന് ഉറപ്പാക്കാനാവുമെന്നും ഡൽഹി മുഖ്യമന്ത്രി പറയുന്നു. ഇനിമുതൽ എല്ലാ മാസവും പുറത്തിറക്കുന്ന പുതിയ കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോകൾ ചേർക്കാമെന്നും, എന്നാൽ നിലവിലെ കറൻസി നോട്ടുകൾ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ക്രമേണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഇന്തോനേഷ്യയെ മാതൃകയാക്കാമെന്നും ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ ഹിന്ദുക്കളുള്ളു എങ്കിലും അവരുടെ കറൻസി നോട്ടുകളിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും കേജ്രിവാൾ അഭിപ്രായപ്പെട്ടു.