കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’

 കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈല്‍ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്‌ടോബര്‍ 22ന് വൈകുന്നേരം 3.30ന് കോവളം വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്റ് ക്രഫ്റ്റ് വില്ലേജില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ബാലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് കുഞ്ഞാപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മൊബൈല്‍ അപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ജില്ലാതലത്തില്‍ ഒരു റാപിഡ് റെസ്‌പോന്‍സ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികള്‍ വനിത ശിശു സംരക്ഷണ വകുപ്പ്, പോലീസ്, വിദ്യാഭ്യാസ, തദേശ ഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, ചൂഷണം, അപകടകരമായ തൊഴില്‍, കടത്തല്‍ തുടങ്ങിയ നിരവധി അപകട സാധ്യതകളുള്ള സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങള്‍, സേവന സംവിധാനങ്ങള്‍ എന്നിവ പരിചയപ്പെടുത്തേണ്ടത് പരമ പ്രധാനമാണ്. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ ഉടനടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു സംരക്ഷണം നല്‍കേണ്ടതുമുണ്ട്. ഇതിനായി സ്മാര്‍ട്ട് ഫോണുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വനിത ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്.

നിയമം അനുശാസിക്കുന്ന ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിഷന്‍ വാത്സല്യ പദ്ധതി പ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സംവിധാനങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് നിയമാനുസൃത സംവിധാനങ്ങളാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളും (CWC), ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും (JJB). സംസ്ഥാനത്ത് ലഹരി ദുരുപയോഗവും ശാരീരിക-ലൈംഗിക പീഡനവുമുള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ നേതൃത്വം കൊടുക്കുന്ന നിയമ സംവിധാനമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതല. ഇത്തരത്തില്‍ സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ സുപ്രധാന പങ്കു വഹിയ്ക്കുന്ന രണ്ടു നിയമ സംവിധാനങ്ങള്‍ എന്ന നിലയില്‍ ഇവരുടെ പരിശീലന പരിപാടി അത്യന്തം പ്രാധാന്യം അര്‍ഹിക്കുന്നതാണ്.