തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെത്തി. മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി.
പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് സഹോദരന്മാരായ 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തട്ടിക്കൊണ്ടുപോയവർ കുട്ടികളുടെ പിതാവ് ഗുസാൻ സിംഗിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇളയ കുട്ടി ശിവ (ആറ് വയസ്സ്) യെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, കുട്ടി മരിച്ചില്ല. പിന്നീട് ബോധം തെളിഞ്ഞ കുട്ടി സമീപം ഉണ്ടായിരുന്ന പൊലീസുകാരുടെ അടുത്തേക്ക് നിലവിളിച്ചെത്തി. കുട്ടിയെ ചൈൽഡ് ലൈനിൽ ഏല്പിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ഇതെന്ന് കണ്ടെത്തുന്നത്.
ചോദ്യം ചെയ്യലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഡൽഹിയിൽ കൊണ്ടുവന്ന് കൊലപ്പെടുത്തി മെഹ്‌റൗളിയിലെ വനത്തിൽ കുഴിച്ചിട്ടതാണെന്ന് പ്രതികൾ സമ്മതിച്ചു.