ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഇന്ത്യയില്‍

 ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി ഇന്ത്യയില്‍

90-ാമത് ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലാണ് പരിപാടി. ഒക്ടോബര്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ 195 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍, പോലീസ് മേധാവികള്‍, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സമാപന ദിനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിക്കെത്തും. ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റയ്സി, സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക്, സിബിഐ ഡയറക്ടര്‍ എന്നിവരും ചടങ്ങിനെത്തും.

ഇന്റര്‍പോളിന്റെ പരമോന്നത ഭരണ സമിതിയാണ് ജനറല്‍ അസംബ്ലി, അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനാണ് വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നത്. ഏകദേശം 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. 1997 ലാണ് ഇന്ത്യയില്‍ അവസാനമായി സമ്മേളനം നടന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ വര്‍ഷം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം ജനറല്‍ അസംബ്ലി വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചത്. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച കീഴ്‌വഴക്കങ്ങള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് പരിപാടി നല്‍കുന്നത്.