വന്യജീവിക്കടത്ത് ; രക്ഷിച്ചത് 140 ജീവികളെ
രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് മിസോറാമിൽ. മിസോറാമിലെ ഛാംപെയില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ല്‍ അധികം അപൂര്‍വ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാന്മറില് നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അറസ്റ്റിലായവരില്‍ മ്യാന്മറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോര്‍പിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്. 30 ആമകള്‍, 2 മാര്‍മോസെറ്റ് കുരങ്ങന്മാര്, രണ്ട് കുരങ്ങന്മാര്. 22 പെരുമ്പാമ്പുകള്‍, 18 പ്രത്യേകയിനം വലിയ പല്ലികള്‍, 55 മുതലക്കുഞ്ഞുങ്ങള്‍, ആല്‍ബിനോ വല്ലബി, പൂച്ചകള്‍, പക്ഷികള്‍, അടക്കമുള്ളവയെയാണ് രക്ഷിച്ചത്.