ബി ടെക് ബിരുദധാരികൾ അറസ്റ്റിൽ
ഇവന്റ് മാനേജ്മെന്റിന്റെ മറവിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേർ പിടിയിൽ. പിടിയിലായവർ ബി ടെക് ബിരുദധാരികളാണ്. കോഴിക്കോട് പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ്, അത്തോളി കളത്തുംകണ്ടി ഫൻഷാസ്, വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 450 മില്ലിഗ്രാം എസ് ഡി സ്റ്റാമ്പ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസി പിൽ 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പാലാഴിയിലെ എം എൽ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്ലാറ്റിൽ പരിശോധന നടത്തിയത്.