ബലാത്സംഗത്തിനിരയായ 15-കാരിയെ തീകൊളുത്തി
ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി തീകൊളുത്തി. സംഭവത്തില്‍ പ്രതിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ ഒളിവിലാണ്. ബന്ധുവായ യുവാവ് മൂന്നുമാസം മുൻപാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പഞ്ചായത്തിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പ്രതിയുടെ മാതാവ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയാണ് പ്രതിയും മാതാവും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. ആദ്യം മെയിന്‍പുരി ജില്ലാ ആശുപത്രിയിലും പിന്നീട് സൈഫായി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.