സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. കേരളതീരത്ത് നാളെ രാത്രി 8.30 വരെ 1.3 മുതൽ 2.2 മീറ്റർ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും യുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.