യു.കെ വിസ നിരക്ക് വർധന ഇന്നു മുതൽ
ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട വിസ ഫീസ് വർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആറുമാസത്തിൽ താഴെയുള്ള സന്ദർശക വിസക്ക് ഇപ്പോഴുള്ള നിരക്കിൽ നിന്നും അധികമായി 15 പൗണ്ട് (1507 രൂപ) നൽകണം. വിദ്യാർഥി വിസക്ക് 127 പൗണ്ടാണ് കൂടുക. ഇത് ടൂറിസ്റ്റുകളായും വിദ്യാർഥികളായും ബ്രിട്ടനിലെത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും ബാധിക്കും.
കഴിഞ്ഞ മാസം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച വർധനപ്രകാരം ആറുമാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ചെലവ് 115 പൗണ്ട് ആയി ഉയരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. വിദ്യാർഥി വിസക്ക് അപേക്ഷിക്കാൻ 490 (ഏകദേശം 49,265 രൂപ) പൗണ്ട് വേണ്ടിവരും.
വിസ ഫീസ് വർധന പൂർണമായും ന്യായീകരിക്കാവുന്ന തീരുമാനമാണെന്ന് ആഭ്യന്തര ഓഫിസ് വക്താവ് പറഞ്ഞു.ഇത് പൊതുസേവനങ്ങൾക്കുള്ള ധനസഹായത്തിനും പൊതുമേഖലയുടെ വേതനത്തിനുമുള്ള സഞ്ചിത ഫണ്ടിനെ ശക്തിപ്പെടുത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു. വിസ അപേക്ഷ ഫീസ് ഗണ്യമായി ഉയർത്തുമെന്ന് ജൂലൈയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് പ്രഖ്യാപിച്ചത്.