രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

 രണ്ടാം വന്ദേഭാരതിന്റെ ബുക്കിങ് തുടങ്ങി

ബുധനാഴ്ച മുതൽ റെഗുലർ സർവിസ്​ ആരംഭിക്കുന്ന രണ്ടാം വ​ന്ദേഭാരതിലേക്കുള്ള സീറ്റ്​ റിസർവേഷൻ ആരംഭിച്ചു. ഏഴ്​ ചെയർകാറുകളും ഒരു എക്സിക്യൂട്ടിവ്​ കോച്ചുകളുമുള്ള വന്ദേഭാരതിൽ വേഗത്തിലുള്ള ടിക്കറ്റ്​ ബുക്കിങ്ങാണ്​ ആദ്യദിവസം. ഞായറാഴ്ച ഉച്ചക്ക്​​ 12ന്​ കാസർകോടാണ്​ ​ട്രെയിനിന്‍റെ ഫ്ലാഗ്​ഓഫ്​ ചടങ്ങ്​. അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ തിരുവനന്തപുരം-കാസർകോട്​ വ​ന്ദേഭാരത്​ (20632) തിങ്കളാഴ്​ചകളിൽ സർവിസ് നടത്തില്ല. കാസർകോട്​-തിരുവനന്തപുരം വന്ദേഭാരത്​ (20631) ചൊവ്വാഴ്ചകളിലും. ഫലത്തിൽ ബുധനാഴ്ച മുതലാണ്​ ഇരുദിശകളിലേക്കും ഓടിത്തുടങ്ങുക.

വേഗമേറിയ ട്രെയിനായതിനാൽ യാത്രാവശ്യകത ഏറെയാണെങ്കിലും എട്ട്​ ബോഗികളേ ഉള്ളൂവെന്നതാണ്​ പരിമിതി. ഒന്നാം വ​ന്ദേഭാരതിന്​ 16 കോച്ചുകളുണ്ടായിട്ടും ടിക്കറ്റ്​ കിട്ടാത്ത സ്ഥിതിയാണ്​. അതേസമയം ആലപ്പുഴ വഴിയാ​ണെന്നതും തിരൂരിൽ സ്​റ്റോപ്​ അനുവദിച്ചതുമാണ്​ രണ്ടാം വന്ദേഭാരതിന്‍റെ പ്രത്യേകത. സർവിസ്​ ആലപ്പുഴ വഴിയായതിനാൽ കോട്ടയം വഴിയുള്ളതിനേക്കാൾ 15 കിലോമീറ്റർ ദൂരം കുറയും. ഇത്​ നിരക്കിലും പ്രതിഫലിക്കുന്നുണ്ട്​. തിരുവനന്തപുരം-കാസർകോട്​ യാത്രക്ക്​ ചെയർകാറിൽ 1515 രൂപയാണ്​ നിരക്ക്​. എക്സിക്യൂട്ടീവ്​ കോച്ചിൽ 2800ഉം. ഭക്ഷണം ഒഴിവാക്കിയാൽ നിരക്ക്​ വീണ്ടും കുറയും.