ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍
പുസ്തകോൽസവത്തിന്റെയും സാംസ്കാരിക-കായിക ഉൽസവങ്ങളുടെയും മണ്ണായ ഷാർജയിൽ പുത്തനൊരു ആഘോഷം വന്നെത്തുകയാണ്. ലോകത്തിലെ തന്നെ അപൂര്‍വമായ ക്ലാസിക്-വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്ന ഫെസ്റ്റിവലാണ് ഒരുക്കുന്നത്. ഷാര്‍ജ ‘ഓള്‍ഡ് കാര്‍സ് ക്ലബാ’ണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. നേരത്തെ ഷാര്‍ജ നിക്ഷേപവികസന വകുപ്പു(ശുറൂഖ്)മായി ചേർന്ന് ‘ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാതൃകയിലാണ് വിപുലമായ രീതിയിൽ പുത്തൻ മേള ഒരുക്കുന്നത്.
അടുത്ത വർഷം ജനുവരിയിലാകും ആദ്യ ഫെസ്റ്റിവൽ നടക്കുക. പിന്നീട് ഇതേ സീസണിൽ എല്ലാ വർഷവും ഫെസ്റ്റിവൽ ഒരുക്കാനാണ് ക്ലബ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യവ്യക്തികളുടെ കാര്‍ ശേഖരത്തില്‍ നിന്നടക്കമുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ പരിപാടിയിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യകാലത്ത് നിര്‍മിക്കുകയും പിന്നീട് റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയുംചെയ്ത അത്യപൂര്‍വ കാറുകളാണ് മേളയിലുണ്ടാവുക. പൊതുജനങ്ങൾക്ക് കൗതുകവും വാഹനപ്രേമികൾക്ക് ആവേശവും സമ്മാനിക്കുന്ന പ്രദർശനത്തോടൊപ്പം വിവിധ അനുബന്ധ പരിപാടികളും ഒരുക്കാൻ പദ്ധതിയുണ്ട്.