ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി കേരളം ; മൃതദേഹം സംസ്കരിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയുടെ ഭാഗമായി. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു.
ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നൽകിയത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര ആൾക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീർപ്പൂക്കൾ സമ്മാനിച്ചു. 28 മണിക്കൂർ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയത്. അക്ഷരാർത്ഥത്തിൽ, മണ്ണ് നുള്ളിയിട്ടാൽ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്.