ഡയാന രാജകുമാരിയുടെ പ്രശസ്തമായ വസ്ത്രം ലേലത്തിന്
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്നൊരു വസ്ത്രം ലേലത്തിലൂടെ വില്പനയ്ക്കൊരുങ്ങുകയാണ്. ‘സോത്ത്ബീസ്’ എന്ന ആര്‍ട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആഗസ്റ്റ് 31നും സെപ്തംബര്‍ 14നും ഇടയിലായി ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന് വയ്ക്കുക. 65 ലക്ഷം രൂപ (ഇന്ത്യൻ റുപ്പി)യാണ് ഇതിന് ലേലത്തില്‍ ഇട്ടിരിക്കുന്ന ആദ്യവില.
‘ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തിച്ചേരുന്നത്. 1981ലാണ് ഇത് ഡയാന രാജകുമാരി ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈൻ ചെയ്തത്…’ സോത്ത്ബീസ് പ്രസ് റിലീസില്‍ വ്യക്തമാക്കുന്നു.
ഈ ‘ബ്ലാക്ക് ഷീപ്’ സ്വറ്ററിന് പിന്നിലൊരു കഥയുണ്ടെന്നാണ് പറയപ്പെടുന്നത്. ഫോട്ടോ കണ്ടാലേ, നമുക്കറിയാം ഇതൊരു ചുവന്ന സ്വറ്ററാണ്. എന്നിട്ടും ഇതിനെ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനുള്ളിലാണ് കഥ ഒളിഞ്ഞിരിക്കുന്നത്. ചുവപ്പില്‍ നിറയെ വെളുത്ത നിറത്തിലുള്ള ആട്ടിൻകുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാല്‍ ഇതിനിടയില്‍ ഒരേയൊരു കറുത്ത ആട്ടിൻകുട്ടിയെ കാണാം.
കൂട്ടം തെറ്റിയ ആട്ടിൻകുട്ടി എന്നെല്ലാം വിശേഷിപ്പിക്കും പോലെ ഒരു കൂട്ടത്തിനകത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ആട്ടിൻകുട്ടിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഡയാന രാജകുമാരി തന്നെത്തന്നെ രാജകുടുംബത്തില്‍ നിന്ന് അടര്‍ത്തി മറ്റൊരു സ്വത്വത്തില്‍ രേഖപ്പെടുത്താൻ ശ്രമിച്ചതാണ് ഈഡിസൈനിലൂടെ എന്നതാണ് കഥ.