27TH IFFK: ഫോട്ടോപ്രദർശനം ഇന്ന് മുതൽ
മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടൻ സത്യന്റെ ജീവിതത്തിലെ 20 വർഷത്തെ 110 ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .പ്രസിദ്ധ ഫോട്ടോഗ്രാഫർ ആർ.ഗോപാലകൃഷ്ണൻ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കുന്നത്.
ഇരുട്ടിന്റെ ആത്മാവ്(1966), ഓളവും തീരവും(1960 ),വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ (1980) ,ഏണിപ്പടികൾ (1973 ) തുടങ്ങി മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന ചിത്രങ്ങൾക്കൊപ്പം തോപ്പിൽ ഭാസി, തകഴി, ശങ്കരാടി,തിക്കുറിശ്ശി ,ജയഭാരതി തുടങ്ങിയവരുടെ സൗഹൃദ മുഹൂർത്തങ്ങളും ഫോട്ടോപ്രദർശനത്തിലുണ്ട്.രാവിലെ 10.30ന് മുൻ മന്ത്രി എ.കെ ബാലൻ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സക്കറിയ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുക്കും.