12 കാരനെ പീഡിപ്പിച്ച ആശ്രമം നടത്തിപ്പുകാരന് പിടിയില്‍
12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് 2021ൽ നടന്ന സംഭവത്തിൽ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ തുടരുമ്പോഴാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത് എന്നാണ് മലയിൻകീഴ് പൊലീസ് പറയുന്നത്. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്നാട് തക്കലയിൽ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.