യുവജനങ്ങളും സ്ത്രീകളും അതൃപ്തര്‍ ;ബി ജെ പി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. രണ്ടു ടേമുകളിലായുള്ള പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും, ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയും തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍.
ദക്ഷിണേന്ത്യയില്‍ ഉള്‍പ്പടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായ മണ്ഡലങ്ങള്‍ വേര്‍തിരിച്ച് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 144 മണ്ഡലങ്ങളുടെ ചുമതലകളാണ് കേന്ദ്രമന്ത്രിമാര്‍ക്ക് വേര്‍തിരിച്ച് നല്‍കിയിരിക്കുന്നത്.
തൊഴിലില്ലായ്മ മൂലം യുവാക്കളും, വിലക്കയറ്റം മൂലം സ്ത്രീകളും അതൃപ്തരാണെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര ഭീഷണിയായി കാണുന്നില്ലെങ്കിലും കര്‍ണാടക അടക്കം കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ വെല്ലുവിളിയായേക്കും എന്ന് നേതാക്കള്‍ക്കിടയില്‍ തന്നെ വിലയിരുത്തലുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഉള്‍പ്പടെ രാഹുല്‍ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങള്‍ ചിലരെയെങ്കിലും സ്വാധീനിച്ചേക്കാമെന്ന് ഇവര്‍ പറയുന്നു.