മാമ്പഴക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍
നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധമാതാവിനെ മകന്‍ തല്ലിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാമ്പഴക്കരയിലെ അറുപത്തിയൊമ്പതു വയസ്സുകാരിയായ വൃദ്ധയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അവരോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാമ്പഴക്കര വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലീലയുടെയും സാന്നിധ്യത്തില്‍ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുന്നതിന് പ്രേരിപ്പിച്ചെങ്കിലും അമ്മയും മകനും അതിന് തയാറായിരുന്നില്ല. അമ്മയെ മര്‍ദിക്കില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വാര്‍ഡ് കൗണ്‍സിലറുടെയും കുടുംബശ്രീ എഡിഎസ്സിന്റെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. പൊലീസും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആരംഭത്തില്‍ത്തന്നെ അറിയാതെ പോകുന്നതെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. വിദേശത്തായിരുന്ന മകന്‍ ശ്രീജിത്ത് കൂലിപ്പണിയുമായി നാട്ടിലാണെങ്കിലും മദ്യപിച്ച് മാതാവിന് മര്‍ദിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ ഇടപെടല്‍. കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ജോസ് കുര്യനും ഒപ്പം ഉണ്ടായിരുന്നു.