ബിജെപിയില്‍ കടുത്ത പ്രതിസന്ധി
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശ് ബിജെപിയില്‍ കടുത്ത പ്രതിസന്ധി. അനില്‍ ശര്‍മയ്ക്ക് ഇത്തവണയും മാണ്ഡി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി പ്രവീണ്‍ ശര്‍മ രാജി വെച്ച് സ്വതന്ത്രരായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11 എംഎല്‍എമാരാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇവരില്‍ പലരും സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ഗ്ര, മാണ്ഡി, കിന്നൗര്‍ അടക്കം നിരവധി ജില്ലകളില്‍ ഇതിനകം ബിജെപി നേതാക്കള്‍ വിമതനീക്കം നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേംകുമാറിന്റെ വിശ്വസ്തനായ പ്രവീണ്‍ ശര്‍മയെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപി സര്‍ക്കാരും പാര്‍ട്ടിയും തഴയുന്നുവെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് സ്വതന്ത്രനായി മത്സരിക്കുകയാണെന്ന് അറിയിച്ച് പത്രിക ഫയല്‍ ചെയ്തത്. ഇതിനിടെ അദ്ദേഹത്തെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി സംസ്ഥാന കണ്‍വീനറായി ചുമതലപ്പെടുത്തിയിരുന്നു.