തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷുറൻസ്
തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ചു ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷുറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇൻഷുറൻസ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.
രണ്ടുതരം ഇൻഷുറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ചുദിർഹം വീതം അടച്ച് ഇൻഷുറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം.
മൂന്നുമാസത്തിൽ ഒരിക്കലോ ആറു മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇൻഷുറൻസ് തുക അടക്കേണ്ടത്, സ്ഥാപനമല്ല. ഇൻഷുറൻസ് പദ്ധതിയുമായി സഹകരിക്കുന്നതിന് ഒമ്പതു സ്ഥാപനങ്ങളുമായി മന്ത്രാലയം കരാർ ഒപ്പുവെച്ചു.