‘കാന്താര’ മലയാളം ഉടൻ
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കാന്താര’ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച മേക്കിങ്ങും ശക്തമായ കഥയും പറയുന്ന സിനിമ അഭിമാനകരമായ നേട്ടം തന്നെയാണ് എന്നാണ് നടനും സംവിധായകനുമായ പ്രിഥ്വിരാജ് പറയുന്നത്. കേരളത്തിൽ നിന്നും ഈ കന്നഡ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാന്താര മലയാളത്തിൽ എത്തുമെന്നുള്ള വാർത്ത കൂടി എത്തുകയാണ്.
പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘കാന്താര മലയാളം ഉടൻ വരുന്നു. കന്നഡ പതിപ്പ് കണ്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. കേരളത്തിലുടനീളം മലയാളം പതിപ്പ് റിലീസ് ചെയ്യുമ്പോൾ ഈ ആമൂല്യ ചിത്രം തിയേറ്ററുകളിൽ കാണാതെ പോകരുത്’ എന്നാണ് പ്രിഥ്വിരാജ് കുറിച്ചത്.